മണിക്കൂറുകളോളം കട്ടിലിൽ കിടന്ന് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നതിനെക്കുറിച്ച് നടി ഷക്കീല.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന്റെയും തുടർന്ന് വീട്ടിൽ തിരിച്ചെത്തിയതിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
തനിക്കുണ്ടായ ഈ അവസ്ഥയ്ക്ക് കാരണം തുടർച്ചയായ ഫോൺ ഉപയോഗമാണെന്ന് ഷക്കീല തുറന്നുപറയുന്നു. ‘‘ അടുത്ത കാലത്ത് എനിക്കൊരു ഓപ്പറേഷൻ ഉണ്ടായിരുന്നു. അതൊരു സർജറിയായിരുന്നു. ഗൗരവമായി ഒരുകാര്യം പറയുകയാണ്. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുക.
കിടക്കയിൽ ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ചായ കുടിച്ച് വന്ന ശേഷം ഇതേ ഗെയിം കളി. പിന്നെ യൂട്യൂബിലും ഇൻസ്റ്റയിലും റീൽ കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ സർജറിയിൽ കലാശിക്കുകയും ചെയ്തത്.
കുട്ടികളുടെ കൈയിൽ മൊബൈൽ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കുക. നിങ്ങളും പരമാവധി ഒഴിവാക്കുക. എന്റെ വീഡിയോ അടക്കം ഒഴിവാക്കുക, നമുക്ക് ഉപകാരമുള്ള വിഡിയോ മാത്രം കാണുക. അല്ലെങ്കിൽ 3 ലക്ഷം രൂപയും പോകും, നല്ല വേദനയും ഉണ്ടാകും.’’ ഷക്കീല വീഡിയോയിൽ പറഞ്ഞു.
സ്മാർട്ട്ഫോൺ ഉപയോഗത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും ആവശ്യത്തിന് മാത്രം ഫോൺ ഉപയോഗിക്കുകയെന്ന സന്ദേശവും താരം ആരാധകർക്കായി നൽകുന്നുണ്ട്.